വീണ്ടും വൻ സ്വർണവേട്ട;1:57 കോടി വിലമതിക്കുന്ന 3 കിലോ സ്വർണ്ണവുമായി 3 പേർ പിടിയിൽ
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. വിദേശത്ത് നിന്നും വന്ന മൂന്നു യാത്രക്കാരിൽ നിന്നായി എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 1.57 കോടിയുടെ സ്വർണം പിടികൂടി.2945.66 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. മിശ്രിതമായും കുഴമ്പ് രൂപത്തിലുമായിരുന്നു സ്വർണം കടത്തിയത്.
ബഹ്റിനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ വന്ന കുറ്റിപ്പുറം സ്വദേശി റസാഖാണ് മിശ്രിത രൂപത്തിലാക്കിയ 1172 ഗ്രാം സ്വർണം കൊണ്ടുവന്നത്. ഇത് നാലു കാപ്സളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനു 66.80 ലക്ഷം രൂപ വില വരും.
അബുദാബിയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ വന്ന എടപ്പാൾ സ്വദേശി മുഹമ്മദ് ഷരീഫിൽ നിന്ന് 60 ലക്ഷം വിലമതിക്കുന്ന 11 34.48 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ രണ്ട് തട്ടുകളാക്കി സ്വർണ മിശ്രിതം അതിൽ നിറച്ചാണ് കൊണ്ടുവന്നത്.
അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പസ് വിമാനത്തിൽ വന്ന കുട്ടനാട് സ്വദേശി സഞ്ജയാണ് കുഴമ്പു രൂപത്തിലുള്ള 609.18 ഗ്രാം സ്വർണം കൊണ്ടുവന്നത്. 338 ഗ്രാം സ്വർണം ഒരു സോക്സിനകത്താക്കി ബാഗിലും 271. 15 ഗ്രാം സ്വർണം രണ്ട് പേപ്പർ കവറുകളിലാക്കിയുമാണ് കൊണ്ടുവന്നത്.
സ്വർണം ഒളിപ്പിച്ച പേപ്പർ കവറുകൾ മിഠായി വയ്ക്കുന്ന കാർഡ് ബോർഡിന്റെ പെട്ടിയിലായിരുന്നു. ഇയാളിൽ നിന്നും പിടിച്ച സ്വർണത്തിന് 31 ലക്ഷം വിലയുണ്ട്. മൂന്ന് യാത്രക്കാരെയും കസ്റ്റംസ് ഉദ്യോഗസ്ഥൻമാർ കസ്റ്റഡിലെടുത്ത് 1962-ലെ കസ്റ്റംസ് ആക്ട് അനുസരിച്ച് കേസെടുത്തു.