യുകെയില്‍ വീസ വാഗ്ദാനം നൽകി സ്ത്രീകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.
കണ്ണൂർ: യുകെയില്‍ കെയർ വർക്കർ വീസ വാഗ്ദാനം ചെയ്ത് സ്ത്രീകളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.
കണ്ണൂർ ഗോപാല്‍ സ്ട്രീറ്റിലുള്ള സ്റ്റാർനെറ്റ് ഇന്റർനാഷണല്‍ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും പയ്യാവൂർ കാക്കത്തോട് സ്വദേശിയുമായ പെരുമാലില്‍ വീട്ടില്‍ മാത്യു ജോസ്(31) ആണ് അറസ്റ്റിലായത്.
ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തളിപ്പറന്പില്‍ വച്ച് കണ്ണൂർ എസിപി കെ.വി. വേണുഗോപാല്‍, കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടുന്നത്.
കൊല്ലം സ്വദേശിനിയായ ദീപ അരുണിന് ബ്രിട്ടനില്‍ കെയർ വർക്കർ അസിസ്റ്റന്റായി ജോബ് വീസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ ജനുവരി ഒന്‍പതിന് സ്റ്റാർനെറ്റ് ഇന്റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ട് വഴി 5,95,400 രൂപ കൈക്കലാക്കിയ ശേഷം ജോലിയോ പണമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
ഈ കേസില്‍ തൊടുപുഴ സ്വദേശി നിധിൻ ഷാ, ഭാര്യ അലിൻ സത്താർ, കണ്ണൂർ കുടിയാന്മല സ്വദേശി സിദ്ധാർഥ്, കന്പനി അധികൃതരായ മാത്യു ജോസ്, അഭിലാഷ് ഫിലിപ്, ഷാനു മോൻ എന്നിവരായിരുന്നു പ്രതികള്‍.
സംസ്ഥാന വ്യാപകമായി കെയറർ വീസ വാഗ്ദാനം ചെയ്ത് ഈ സംഘം നൂറോളം പേരില്‍നിന്നായി കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. തൃശൂരിലെ വിയ്യൂർ, എറണാകുളം റൂറലിലെ പോത്താനിക്കാട്, പുത്തൻവേലിക്കര എന്നീ സ്റ്റേഷനുകളില്‍ നിലവില്‍ ഇവർക്കെതിരേ കേസുണ്ട്.