കർണാടയിൽ നിന്നും കടത്തിയ ഒന്നരലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി;യുവാവ് അറസ്റ്റിൽ
കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച 7.534 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ മാവിലായി പൊതുവാച്ചേരി തന്നടയിലെ സനം മൻസിലിൽ ഷബീറിനെയാണ് (38) ഹൊസൂർഗ് എസ് ഐ കെ സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വാഹനപരിശോധനക്കിടെയാണ് കടത്ത് കണ്ടെത്തിയത്. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനടുത്തുവെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് കാറ് തിരിച്ചുപോകാൻ ശ്രമിച്ചു. അപ്പോഴേക്കും പൊലീസെത്തി കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. ഡിക്കിയിലായി ആറ് ചാക്കും സീറ്റിൽ രണ്ട് ബാഗുകളിലുമായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പിടികൂടിയ ഉൽപ്പന്നങ്ങൾക്ക് ഒന്നരലക്ഷം രൂപ വിലവരും. കർണാടകത്തിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.