അമേരിക്കയിൽ മലയാളി കുടുംബത്തിൻ്റെ മരണത്തിൽ ദുരൂഹത; ദമ്പതിമാർ മരിച്ചത് വെടിയേറ്റ്,മൃതദേഹം കുളിമുറിയിൽ
കാലിഫോര്‍ണിയ: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സാന്‍മറ്റേയോയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെൻറി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ,നെയ്തൻ(4) എന്നിവരുടെ മരണത്തിലാണ് ദുരൂഹത തുടരുന്നത്. വിഷവാതകം ശ്വസിച്ചാണ് മരണംസംഭവിച്ചതെന്നാണ് ആദ്യം പുറത്തുവന്നവിവരമെങ്കിലും ദമ്പതിമാര്‍ മരിച്ചത് വെടിയേറ്റാണെന്നാണ് സാന്‍മറ്റേയോ പോലീസ് വ്യക്തമാക്കിയത്. വീട്ടിലെ കുളിമുറിയിലാണ് ദമ്പതിമാരുടെ മൃതദേഹം കണ്ടെത്തിയതെന്നും കുളിമുറിയില്‍നിന്ന് 9 എം.എം. പിസ്റ്റള്‍ കണ്ടെടുത്തതായും പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കുട്ടികളെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍, കുട്ടികളുടെ മരണകാരണം ഇതുവരെ വ്യക്തമല്ലെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പോലീസ് പറയുന്നു.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.13-നാണ് സാന്‍മറ്റേയോ അലമേഡ ഡി ലാസ് പല്‍ഗാസിലെ വീട്ടിനുള്ളില്‍ നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയപ്പോള്‍ ആരുടെയും പ്രതികരണമുണ്ടായില്ല. പരിശോധനയില്‍ ബലംപ്രയോഗിച്ച് ആരെങ്കിലും വീടിനകത്ത് പ്രവേശിച്ചതിനും തെളിവ് കിട്ടിയില്ല. തുടര്‍ന്ന് അടച്ചിടാതിരുന്ന ജനല്‍വഴിയാണ് പോലീസ് സംഘം വീടിനകത്ത് കടന്നതെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(സി.ഐ.ബി) അന്വേഷണം ഏറ്റെടുത്തതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങള്‍ക്ക് അപകടസാധ്യതയില്ലെന്നും പോലീസ് അറിയിച്ചു.
കൊല്ലം ഫാത്തിമാമാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57-ല്‍ ഡോ.ജി.ഹെൻറി മകനാണ് ആനന്ദ്. ഭാര്യ ആലീസ് കിളികൊല്ലൂര്‍ സ്വദേശിനിയാണ്.
ഗൂഗിളില്‍ ജോലിചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്. അതിനുശേഷം നാട്ടിലേക്ക് വന്നിട്ടില്ല. ആലീസിന്റെ അമ്മ ജൂലിയറ്റും ഇവര്‍ക്കൊപ്പം അമേരിക്കയിലായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചിരുന്നു. അതിനുശേഷം ഇരുവരേയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അവിടെയുള്ള സുഹൃത്തുക്കള്‍ വഴി ആനന്ദിന്റെ വീട്ടില്‍ അന്വേഷിച്ചെങ്കിലും വീട് തുറന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.