ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ച് വയസുകാരി മരിച്ചു.
ഇടുക്കി: തുടർച്ചയായ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ച് വയസുകാരി മരിച്ചു.
വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നിരന്തരം
ഛർദിച്ച കുട്ടിയെ വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചിരുന്നു.
പരിശോധനയ്ക്കുശേഷം പ്രാഥമിക ചികിത്സ നൽകി. വൈകിട്ട് ഭക്ഷണം കഴിച്ചശേഷം കുട്ടി
വീണ്ടും ഛർദിച്ചു. ഇതോടെ ആദ്യം കൊണ്ടുവന്ന ആശുപത്രിയിൽ തന്നെ എത്തിച്ചു. എന്നാൽ, നില
വഷളാകും എന്ന് കണ്ടതോടെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ
നിർദ്ദേശിച്ചു. പീരുമേട്ടിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് കുട്ടി മരിച്ചത്. ചൊവ്വാഴ്ച
രാവിലെ കുട്ടി മുത്തച്ഛനോടൊപ്പം ഗവിയിലേക്ക് പോയിരുന്നു. ഇവിടെനിന്നും ഐസ്ക്രീം
തിന്നുകയും ചെയ്തു. ഇതിനുശേഷമാണ് കുട്ടിക്ക് നിരന്തരം ഛർദി തുടങ്ങിയത്. മൃതദേഹം
പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം
വ്യക്തമാകുവെന്ന് ഡോക്ടർമാർ പറഞ്ഞു.