സി.പി.എമ്മിന്റെ നയംമാറ്റം ഓന്തിനെ പോലും നാണിപ്പിക്കും; സഭയിലെ കന്നിപ്രസംഗത്തില്‍ ചാണ്ടി ഉമ്മന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിവേചനത്തെ വിമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, വികസനത്തില്‍ പ്രതിപക്ഷ എം.എല്‍.എ.മാരെ തഴയുന്നുവെന്ന് ചാണ്ടി ഉമ്മന്‍. നിയമസഭയില്‍ കന്നി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷ എം.എല്‍.എ.മാര്‍ക്ക് നല്കുന്ന വികസനഫണ്ടിന്റെ പകുതിപോലും പ്രതിപക്ഷ അംഗങ്ങള്‍ക്ക് നല്‍കുന്നില്ല. തങ്ങളോട് എന്തിനാണ് ഈ ചിറ്റമ്മനയം? ഉന്നതവിദ്യാഭ്യാസ മേഖലയിലെ സി.പി.എമ്മിന്റെ നയംമാറ്റം ഓന്തിനെ പോലും നാണിപ്പിക്കുമെന്നും ചാണ്ടി പരിഹസിച്ചു.
തന്നെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്കും 52 വര്‍ഷം പുതുപ്പള്ളിയിലെ വികസനം സാധ്യമാക്കിയ പിതാവിനും ചാണ്ടി ഉമ്മന്‍ കന്നിപ്രസംഗത്തില്‍ നന്ദി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉള്‍പ്പെടെയുള്ളവര്‍ ചാണ്ടിയെ അഭിനന്ദിച്ചു.