വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി ചികിൽസക്കിടെ മരണപ്പെട്ടു; ഡ്രോയിംഗ് ടീച്ചർ അറസ്റ്റിൽ
വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്എസ്എൽസി വിദ്യാർത്ഥിനി ചികിൽസക്കിടെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഡ്രോയിംഗ് ടീച്ചർ അറസ്റ്റിലായി. കർണാടക ധർമസ്ഥല പിജത്തഡയിലെ കിഷോർ-സൗമ്യ ദമ്പതികളുടെ മകളാണ് മരിച്ചത്. രൂപേഷ് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. ഫെബ്രുവരി ഏഴിന് വിഷം കഴിച്ച പെൺകുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് വിദഗ്ഗ ചികിത്സയ്ക്കായി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. രൂപേഷ് പെൺകുട്ടിയെ കുറിച്ച് മറ്റൊരു വിദ്യാർത്ഥിക്ക് അയച്ച അപകീർത്തികരമായ വാട്സാപ് സന്ദേശത്തെ തുടർന്നുണ്ടായ അപമാനത്തിൽ മനംനൊന്താണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതേ തുടർന്ന് വീട്ടുകാർ പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയിരുന്നു. ധർമ്മസ്ഥല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ പ്രേരണകുറ്റമാണ് അധ്യാപകനിൽ ചുമത്തിയിരിക്കുന്നത്.