മാല മോഷ്ടാവ് ലിജേഷിനെ പിടിച്ചത് പറശ്ശിനിക്കടവിലെ കേസിൽ. തെളിവെടുപ്പിന് ജ്വല്ലറിയിൽ എത്തിച്ചപ്പോൾ തെളിഞ്ഞത് മറ്റൊരു കേസ്.ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് ചില്ലറക്കാരല്ല.
കണ്ണൂര്‍: പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും സ്കൂട്ടറിലെത്തി വയോധികയായ സ്ത്രീയുടെ മാല കവര്‍ച്ച തട്ടിയെടുത്ത കേസില്‍ റിമാന്റിലായ അന്നൂര്‍ പുതിയപുരയില്‍ ഹൗസിലെ ലിജേഷ് നിരവധി സമാനമായ മാല മോഷണ കേസുകളിലെ പ്രതിയെന്ന് പൊലീസ്. ലിജേഷിനെതിരെ ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ചൊക്ലി സ്റ്റേഷനുകളില്‍ മാല പൊട്ടിക്കല്‍ കേസുകളുണ്ട്. അതിനിടെ പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും സ്കൂട്ടറിലെത്തി വയോധികമാരുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാലകള്‍ പയ്യന്നൂരിലെ ജ്വല്ലറികളില്‍ വിറ്റ നിലയില്‍ കണ്ടെത്തി. അറസ്റ്റിലായ ലിജേഷിനെയും കൂട്ടി നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ പഴയങ്ങാടി, പൊലീസ് സ്റ്റേഷന് പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തുവച്ച് 75 കാരിയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത മൂന്നു പവന് സ്വര്‍ണ്ണ മാലയും പറശ്ശിനിയിലെ വയോധികയില്‍ നിന്നു പൊട്ടിച്ചെടുത്ത മൂന്നര പവന് മാലയുമാണ് കണ്ടെടുത്തത്. മാലപ്പൊട്ടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല. തളിപ്പറമ്പ് ഡിവൈ.എസ്.പിയായി ചാര്‍ജ്ജെടുത്ത പി.ബാലകൃഷ്ണന് നായർ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിൻറെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ലിജേഷിനെ അറസ്റ്റു ചെയ്തത്.
കേസിനാസ്പദമായ സംഭവം ഉണ്ടായത് ഇങ്ങനെ..
വീടിന്റെ സമീപത്തുള്ള പറശ്ശിനി അമ്പലത്തിലേക്ക് ജനുവരി 22ന് രാവിലെ ഒമ്പതര മണിക്ക് തൊഴാനായി ഇറങ്ങിയതായിരുന്നു വയോധികയായ വീട്ടമ്മ. തന്റെ അരികിലെത്തിയ യുവാവ് വഴി ചോദിക്കുകയും ഉടനടി കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവൻ സ്വർണ്ണമാല പൊട്ടിച്ച് കടന്നു പോവുകയും ആയിരുന്നു. മാല പൊട്ടിക്കുന്നതിനിടയിൽ വയോധികയുടെ കഴുത്തിന് ചെറിയ പരിക്കേൽക്കുകയും ചെയ്തു.
പരാതി പൊലീസിൽ എത്തുന്നു
പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞ വിവരം പൊലീസ് രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.
പിടികൂടിയ പ്രതിയെ ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് മറ്റൊരു മാല പൊട്ടിക്കൽ കൂടിയാണ്. 2023 ഒക്ടോബർ 20 രാത്രി 7 മണിക്ക് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ സ്ത്രീയുടെ 3 പവൻ മാല പൊട്ടിച്ചെടുത്തതും ഈ പ്രതിയാണെന്നു തിരിച്ചറിഞ്ഞു.
പ്രതിക്ക് ശ്രീകണ്ഠാപുരം,മട്ടന്നൂർ, ചൊക്ലി എന്നി പൊലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 2021 വർഷത്തിൽ ഓരോ കേസുകൾ ഉണ്ട്. വയോധികരെ ഭീതിപ്പെടുത്തുന്ന വിധം മാല പൊട്ടിക്കൽ പതിവാക്കിയ പ്രതിയെ കീഴ്പ്പെടുത്താൻ സാധിച്ച ആശ്വാസത്തിലാണ് പൊലീസ്.തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.