നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം പെരുങ്കളിയാട്ടത്തിന് പോകുന്നതിനിടെ
കാസർകോട്: ക്ഷേത്ര ഉൽസവം കാണാൻ പോവുകയായിരുന്ന ആളുകൾ സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നുപേർക്ക് പരിക്ക്. അമിഞ്ഞിക്കോട് കെ.അനുരാഗ് (26) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് 3 മണിയോടെ കൊടക്കാട് വെള്ളച്ചാലിലാണ് അപകടമുണ്ടായത്. പാലേത്തര ഭാഗത്ത് നിന്നും കൂട്ടുകാർക്കൊപ്പം മുച്ചിലോട്ട് ഉത്സവ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഓടിക്കൊണ്ടിരിക്കെ ഓട്ടോ നിയന്ത്രണം വിട്ട് തല കീഴായി മലക്കം മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഡ്രൈവറടക്കം മൂന്നു പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം അമിഞ്ഞിക്കോട് കൊണ്ടുവരും. തുടർന്ന് സമസ്ഥലം പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനടുത്തുള്ള ജ്വല്ലറിയിൽ നേരത്തെ അനുരാഗ് ജീവനക്കാരനായിരുന്നു. യുവാവിന്റെ അപകടമരണം സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. ചീമേനി പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഉദ്യോഗസ്ഥൻ കെ രഘുവിന്റെയും അംബികയുടെയും മകനാണ്. സഹോദരി അമൃത.