കൊച്ചി ബാർ വെടിവെപ്പ്, ആക്രമികളെത്തിയത് റെന്റ് എ കാറിൽ, നമ്പർ പുറത്തുവിട്ടു; കരുതിക്കൂട്ടിയുളള വധശ്രമം?
കൊച്ചി :എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം റെന്റ് എ കാർ കേന്ദ്രീകരിച്ചെന്ന് പൊലീസ്. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉടൻ പ്രതികളിലേക്ക് എത്താനായേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കത്രിക്കടവ് ഇടശേരി ബാറിന് മുന്നിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണങ്ങൾ അരങ്ങേറിയത്. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവർക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു വെടിവെപ്പ്. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ കടന്നുകളഞ്ഞു. കൈത്തോക്ക് കൊണ്ട് പരിക്കേല്‍പ്പിച്ചെന്നാണ് പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുളളത്. കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.