കാസർകോടു നിന്നൊരു നവ സംഗീത സംവിധായകൻ; ‘പിദായി’ എന്ന ചിത്രത്തിലൂടെയാണ് പിവി അജയ് നമ്പൂതിരിയുടെ അരങ്ങേറ്റം
കാസർകോട്: കാസർകോടിന്റെ സ്വന്തം ഗായകനും പ്രശസ്ത കർണാടക സംഗീതജ്ഞനുമായ പിവി അജയ് നമ്പൂതിരി സിനിമാ സംഗീത സംവിധായകനാകുന്നു. ‘പിദായി’ എന്ന തുളു കന്നഡ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശരത് ലോഹിതാശ്വയെ നായകനാക്കി.
ദേശീയ അവാർഡ് ജേതാവായ സന്തോഷ് മാട സംവിധാനം ചെയ്യുന്ന ചിത്രമാണ് പിദായി. ഒരു സിനിമാറ്റിക് മാസ്റ്റർ പീസിനുള്ള ചേരുവകളുമായാണ് ഈ ചിത്രത്തിലൂടെ തയ്യാറാവുന്നത്. അജയ് നമ്പൂതിരി സംഗീതമൊരുക്കിയ നാല് ഗാനങ്ങളിൽ രണ്ടെണ്ണം മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച സംസ്ത കൃതികളാണ്. ഇത് സംഗീത സാന്ദ്രമായ ഈ സിനിമയിലെ പാട്ടുകളുടെ നിരയ്ക്ക് മാറ്റുകൂട്ടും, ഭക്തിഗാനങ്ങളിലൂടെ ജനമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത സംഗീതജ്ഞൻ വിദ്യാഭൂഷണ ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടുന്നു എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് ആദ്യമാണെങ്കിലും പിന്നണി ഗാനമുൾപ്പെടെയുള്ള സംഗീതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഇതിനകം തന്നെ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കൽമാഡി സദാശിവ ആചാര്യയുടെ ശിക്ഷണത്തിൽ കർണാടക സംഗീതാഭ്യസനം തുടങ്ങിയ അദ്ദേഹം പാലാ സികെ രാമചന്ദ്രൻ, ചേർത്തല രംഗനാഥ ശർമ്മ എന്നിവരുടെ ശിക്ഷണത്തിലൂടെ പഠനം തുടർന്നു. പാലക്കാട് ചിറ്റൂർ കോളേജിൽ നിന്ന് സംഗീതത്തിൽ ബിഎ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ഡൽഹി സർവകലാശാലയിൽ സംഗീതത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിരുന്നു. പല്ലവിയുടെ രാജാവ് എന്ന് പേര് കേട്ട പ്രൊഫ. ടിആർ സുബ്രഹ്മണ്യത്തിൽ (ടിആർഎസ്) നിന്ന് പരിശീലനവും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, അദ്ദേഹം പ്രശസ്ത കർണാടക സംഗീതജ്ഞനായ നെസ്വേലി സന്താനഗോപാലന്റെ ശിഷ്യനാണ്.
ചെന്നൈയിലെ കർണാടക സംഗീതരംഗത്ത് കച്ചേരികളിലൂടെയും ഭജൻസ്, ടെലിവിഷൻ പ്രോഗ്രാം നിർമ്മാണം, സംഗീത സംവിധാനം. റെക്കോർഡിംഗ് എന്നിവയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് അജയ്. നിരവധി ശിഷ്യ സമ്പത്തുള്ള, കർണാടക സംഗീതത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങൾ പകർന്നുനൽകുന്ന ഒരു സംഗീതാധ്യാപകൻ കൂടിയാണ്. അഡ്വ. പിവികെ നമ്പൂതിരിയുടെയും ദേവസേന അന്തർജനത്തിന്റെയും മകനാണ്. പുരന്ദരദാസ സംഗീത കലാ മന്ദിരത്തിന്റെ 20-ാമത് സംഗീതാരാധനോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച പേട്ട ശ്രീ വെങ്കിട്ടരമണ ക്ഷേത്രത്തിലെ സംഗീത സായാഹ്നത്തിനെത്തും.