മൃതദേഹവുമായി തെരുവിലിറങ്ങി നാട്ടുകാർ: എസ്പിയുടെ വാഹനം തടഞ്ഞു; മാനന്തവാടിയിൽ കനത്ത പ്രതിഷേധം
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം. ആനയെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഉത്തരവിടണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ തെരുവിൽ പ്രതിഷേധിച്ചു. ഇതിനിടെ സംഭവ സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു.
മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി.നാരായണന്റെ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞ് ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തിയത്. എസ്പിയോടു വാഹനത്തില്‍നിന്ന് ഇറങ്ങി നടന്നുപോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിലേക്ക് വാഹനത്തില്‍നിന്നിറങ്ങി എസ്പി നടന്നാണ് പോയത്. മാനന്തവാടയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം നാട്ടുകാര്‍ ഉപരോധിക്കുകയാണ്.
നേരത്തെ മൃതദേഹം ഏറ്റുവാങ്ങാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അജീഷിന്റെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളമായിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷി (47)നെയാണ് ശനിയാഴ്ച രാവിലെ കാട്ടാന കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.