മദ്രസ ഇടിച്ചുനിരത്തിയതിന് പിന്നാലെ സംഘര്‍ഷം: ഉത്തരാഖണ്ഡില്‍ 4 മരണം, 250 പേര്‍ക്ക് പരിക്ക്, കര്‍ഫ്യൂ
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അരങ്ങേറിയ വ്യാപക അക്രമ സംഭവങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി നിര്‍മിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്കും കോടതിവിധിയെത്തുടര്‍ന്ന് അധികൃതര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെണ് സംഘര്‍ഷമുണ്ടായത്.
വ്യാഴാഴ്ചതന്നെ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും കലാപാരികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
മദ്രസയും മോസ്കും പൊളിച്ചുനീക്കാന്‍ ഉദ്യോഗസ്ഥരും പോലീസും എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് കെട്ടിടങ്ങളും അനധികൃതമാണെന്ന് നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 50 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഉദ്യോഗസ്ഥര്‍ക്കും മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്. പോലീസിനുനേരെ ജനക്കൂട്ടം കല്ലെറിഞ്ഞതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളടക്കം അക്രമികള്‍ അഗ്നിക്കിരയാക്കി.
കനത്ത പോലീസ് സുരക്ഷയോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങിയത്. സര്‍ക്കാര്‍ ഭൂമി കൈയേറി മദ്രസയും മോസ്കും നിര്‍മിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ എത്തിയതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രഹ്ളാദ് മീണ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതോടെ സ്ത്രീകളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. പോലീസിനുനേരെ ജനക്കൂട്ടം കല്ലേറ് തുടങ്ങിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. 20-ലധികം മോട്ടോര്‍സൈക്കിളുകളും ഒരു ബസും അഗ്നിക്കിരയാക്കി.
അതിനിടെ, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ‘സാമൂഹ്യ വിരുദ്ധ ശക്തികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. ക്രമസമാധാന നില വഷളാകാന്‍ ഇടയാക്കിയത് അതാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ കൂടുതല്‍ പോലീസിനെയും കേന്ദ്ര സേനയേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്- – മുഖ്യമന്ത്രി വ്യക്തമാക്കി.
കെട്ടിടങ്ങള്‍ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. വിഷയത്തില്‍ ഫെബ്രുവരി 14-ന് കോടതി വീണ്ടും വാദം കേള്‍ക്കുന്നുണ്ട്.