26,317 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർകോട് രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: ഇന്നോവ കാറിൽ കടത്തുകയായിരുന്ന 26.317 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. പാക്കം, കരുവാക്കോട്, സോയാമൻസിലിലെ എ.എം.മുഹമ്മദ് ഹനീഫ (56), ഉത്തർപ്രദേശ് മാവു, കസ്ബാക്കർ സ്വദേശിയും ബേക്കൽ കോട്ടയ്ക്കു സമീപം താമസക്കാരനുമായ സുനിൽ ചൗഹാൻ (26) എന്നിവരെയാണ് കാസർകോട് ടൗൺ സ്റ്റേഷനിൽ പുതുതായി ചാർജെടുത്ത എസ്.ഐ പി.പി.അഖിലും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി അഡുക്കത്തുബയൽ ദേശീയപാതയിൽ നടന്ന വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കാർ റോഡരികിൽ നിർത്തിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന പൊലീസ് ഇരുവരെയും കയ്യോടെ പിടികൂടി. ഇരുവരുടെയും പെരുമാറ്റം കണ്ട് സംശയം തോന്നിയ പൊലീസ് വാഹനം തുറന്നു നോക്കിയപ്പോഴാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. 24 ചാക്കുകളിലായി സീറ്റിനടിയിലും മറ്റും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ.