മംഗളൂരുവിൽ നിന്നും സ്വിഫ്റ്റ് കാറിൽ കടത്തിയ 112 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: മംഗളൂരുവിൽ നിന്ന് സ്വിഫ്റ്റ് കാറിൽ കടത്തിയ 112.32 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യവുമായി മയിലാട്ടി സ്വദേശി അറസ്റ്റിലായി. കുച്ചങ്ങാട്ട് വീട്ടിൽ അശോക് കുമാറിനെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാലും സംഘവും ബുധനാഴ്ച ഉച്ചയോടെ ബന്തിയോട്ട് നടത്തിയ വാഹന പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. സ്വിഫ്റ്റ് കാറിൽ ഒറ്റയ്ക്കാണ് അശോക് കുമാർ മദ്യം കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു പരിശോധിക്കുകയായിരുന്നു. തുടർന്നാണ് കാറിനുള്ളിലെ രഹസ്യ സ്ഥലത്ത് സൂക്ഷിച്ച ഏഴ് കെയ്ത് മദ്യം കണ്ടെത്തിയത്. അനിൽകുമാർ വർഷങ്ങളായി മദ്യ കടത്ത് നടത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. മയിലാട്ടി, പനയാൽ, പുല്ലൂർ പെരിയ, കാഞ്ഞങ്ങാട് പ്രദേശങ്ങളിലെ ഇടനിലക്കാർക്ക് എത്തിച്ചു കൊടുത്താണ് മദ്യ വില്പന നടത്തുന്നത്. പ്രതിക്കെതിരെ അബ്ക്കാരി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെയും കേസ് രേഖകളും തൊണ്ടിമുതലും സാമ്പിൾ കുപ്പികളും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ്, സതീശൻ, മഞ്ചുനാഥൻ, നസറുദ്ദീൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ് മോൾ ജോൺ എന്നിവരും ഉണ്ടായിരുന്നു.