തിരുവനന്തപുരത്ത് പിഎസ്സി പരീക്ഷയിൽ ആൾമാറാട്ടം; ഇൻവിജിലേറ്റർ അടുത്തെത്തിയതോടെ യുവാവ് ഇറങ്ങിയോടി
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെത്തിയ യുവാവ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടു. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയിലാണ് തട്ടിപ്പ് ശ്രമം നടന്നത്. രക്ഷപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. സംഭവത്തിൽ പിഎസ്സി പൊലീസിൽ പരാതി നൽകും.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. രാവിലെ 7.15 മുതൽ 9.15 വരെയായിരുന്നു പരീക്ഷ. 52,879പേരാണ് സംസ്ഥാനതലത്തിൽ നടക്കുന്ന പരീക്ഷ എഴുതിയത്. ഹാൾ ടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കും. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റ ബയോമെട്രിക്ക് പരിശോധനയിലൂടെ വിലയിരുത്തും.രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു.പിഎസ്സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു.
പിഎസ്സി ചെയർമാനുമായി ആലോചിച്ചശേഷം ഇന്നുതന്നെ പരാതി നൽകുമെന്ന് പിഎസ്സി അധികൃതർ പറഞ്ഞു. സീറ്റിൽ ഹാൾ ടിക്കറ്റ് നമ്പർ രേഖപ്പെടുത്തിയിരുന്നതിനാൽ ഇറങ്ങി ഓടിയ ആളെ കണ്ടെത്താനാകും. പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിച്ചയാളെ ആണ് ഹാൾ ടിക്കറ്റ് ഉപയോഗിച്ച് കണ്ടെത്താൻ കഴിയുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഇറങ്ങിയോടിയ ആളെ പിടികൂടാനാകും.