നാലുവയസുകാരിയെ സെക്യൂരിറ്റി ജീവനക്കാരന് പീഡിപ്പിച്ചു; കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്
മുംബൈ: നാലുവയസുകാരിയെ സെക്യൂരിറ്റി ജീവനക്കാരന് സ്കൂളിൽ വെച്ച് പീഡിപ്പിച്ച സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനും രണ്ട് അധ്യാപകർക്കുമെതിരെ കേസ്. മുംബൈയിലാണ് സംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ പ്രൈമറി സ്കൂളിലാണ് പീഡനം നടന്നത്. പീഡനവിവരം രക്ഷിതാക്കളെയോ പൊലീസിനെയോ വിവരമറിയിക്കാത്തതും കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിനുമാണ് സ്കൂൾ അധികൃതർക്കെതിരെ പോക്സോ വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി രണ്ടിനാണ് 55 കാരനായ സെക്യൂരിറ്റി ജീവനക്കാരന് നാല് വയസുകാരിയെ സ്കൂൾ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ ശേഷം കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ഫെബ്രുവരി മൂന്നിന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സ്കൂൾ മാനേജ്മെന്റ് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചെന്നും വീട്ടുകാർ പറയുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് സ്കൂളിൽ നൂറുക്കണക്കിന് രക്ഷിതാക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സ്കൂൾ അധികൃതരെയും പ്രതിയാക്കി പൊലീസ് കേസെടുത്തത്. ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്നും പ്രതി മുമ്പ് മറ്റ് കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.