പത്തനംതിട്ടയിൽ 16കാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവും അറസ്റ്റില്‍; പിടിയിലായവരുടെ എണ്ണം നാലായി
പത്തനംതിട്ട: പ്ലസ്വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവും അറസ്റ്റിൽ. പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഡി വൈ എസ് പി ഓഫീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ബോർഡിൽ ഹാജരാക്കും. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട യുവാവ് നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും അത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. ചിത്രങ്ങൾ കിട്ടിയവർ കുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുകയും പലയിടങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും ചെയ്തു.
സ്കൂളിൽ പോകാൻ പെൺകുട്ടി വിസമ്മതിച്ചതിന് പിന്നാലെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.