ഞാൻ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ; സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കാനാണ് മരിച്ചെന്ന വ്യാജ വാർത്ത താനുണ്ടാക്കിയതെന്നും നടി
സിനിമാ-മോഡലിങ് രംഗത്തുള്ളവർ വെള്ളിയാഴ്ച രാവിലെ ഉണർന്നത് പൂനം പാണ്ഡെയുടെ
മരണവാർത്ത കേട്ടാണ്. എന്നാൽ, പലർക്കും വാർത്ത വിശ്വസിക്കാൻകഴിഞ്ഞില്ല. മിക്ക
മാധ്യമങ്ങളും അത് വാർത്തയാക്കിയിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് അറിയിച്ച് നടി
തന്നെ രംഗത്തെത്തി. തന്റെ മരണവാർത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി
പൂനം പാണ്ഡെ പുറത്തുവിട്ട വിഡിയോയിലൂടെ അറിയിച്ചു. സെർവിക്കൽ കാൻസറിനെക്കുറിച്ച്
അവബോധം നൽകാനാണ് താൻ വ്യാജ മരണവാർത്ത സൃഷ്ടിച്ചതെന്നും പൂനം ഇൻസ്റ്റാഗ്രാമിൽ
പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ‘എല്ലാവർക്കും നമസ്കാരം, ഞാൻ ഉണ്ടാക്കിയ ബഹളത്തിന്
മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ
സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം’. മറ്റു കാൻസറിനെപ്പോലെ സെർവിക്കൽ
കാൻസറും തടയാനാകും, എച്ച്.പി.വി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കൽ പരിശോധന
നടത്തുക. സെർവിക്കൽ കാൻസറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ
ദൗത്യത്തിൽ പങ്കാളികളാകുക’- പൂനം പറഞ്ഞു.
കഴിഞ്ഞ ദിവസം സെർവിക്കൽ കാൻസർ ബാധിച്ചതിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. പൂനത്തിന്റെ മരണവാർത്ത അവരുടെ മാനേജർ നികിത ശർമ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പൂനത്തിന്റെ സഹോദരിയാണ് മരണവാർത്ത തങ്ങളെ അറിയിച്ചതെന്ന് പി.ആർ ഏജൻസി വ്യക്തമാക്കിയിരുന്നു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതൽ ചെറുതും വലുതുമായ ഒട്ടേറെപ്പേർ അനുശോചിച്ചിരുന്നു.
രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റെചയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂർണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല, മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നില്ല. ഇതോടെ മരണവാർത്തയെ സംശയത്തോടെയാണ് ആളുകൾ നോക്കി കണ്ടത്. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ നാടകം കളിച്ചതിൽ പൂനത്തിനെതിരേയുള്ള വിമർശനങ്ങൾ ശക്തമാവുകയാണ്. നടിയെതിരേ നടപടിയെടുക്കണമെന്നും ഒട്ടേറെപേർ ആവശ്യപ്പെടുന്നു.