ഉത്തര കൊറിയയിലേക്ക് കടത്തിയത് എട്ടുപേരെ; പ്രതിഫലമായി വാങ്ങിയത് 32 ലക്ഷം രൂപ; ബന്തടുക്കയിൽ പിടിയിലായ സംഘത്തിൽ ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരം
കാസർകോട്: ബന്തടുക്കയിൽ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മൂന്നംഗ സംഘം നടത്തിയ ഇടപാടുകൾ പുറത്തുവരുന്നു. സംഘം കാസർകോട് ജില്ലയിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് ഉത്തരകൊറിയയിലേയ്ക്ക് കയറ്റി അയച്ചത് എട്ടുപേരെന്ന് വിവരം. തൃക്കരിപ്പൂർ, ഉടുമ്പന്തല സ്വദേശികളായ എം.എ.അഹമ്മദ് അബ്രാൻ (26), എം.എ സാബിത്ത് (25), പടന്നക്കാട്, കരുവളം സ്വദേശി മുഹമ്മദ് സഫ്വാൻ (25) എന്നിവരെ വ്യാഴാഴ്ച രാത്രി 9.30ന് ബന്തടുക്ക, കണ്ണാടിത്തോട്ടിൽ വച്ചാണ് ബേഡകം എസ്. ഐ. എം ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. കൈ കാണിച്ച് നിർത്തി പരിശോധിക്കുന്നതിനിടയിൽ യുവാക്കളുടെ പെരുമാറ്റത്തിൽ കണ്ട സംശയം തോന്നിയ പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് 37 വ്യാജ സീലുകളും നിരവധി ബാങ്കുകളുടെ വ്യാജ സീലുകളും മൂന്നു പാസ്പോർട്ടുകളും കണ്ടെത്തിയത്. വ്യാജ സീലുകളും രേഖകളും നിർമ്മിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലാണ് സംഘം അറസ്റ്റിലായത്. എം.എ.അഹമ്മദ് അബ്രാൻ ആണ് സംഘത്തിലെ സൂത്രധാരനെന്നു പൊലീസ് പറഞ്ഞു. ഇയാൾ ഉത്തരകൊറിയയിൽ ജോലി ചെയ്തു വരികയാണ്. നാട്ടിലെത്തിയശേഷം കൂടുതൽ പേരെ കയറ്റി അയക്കുന്നതിനാണ് വ്യാജ സീലുകളും മറ്റും ഉണ്ടാക്കിയതെന്നു പൊലീസ് പറഞ്ഞു. നാലു ലക്ഷം രൂപ വാങ്ങി ഇതിനകം എട്ടുപേരെ ഉത്തര കൊറിയയിലേയ്ക്ക് കടത്തിയതായും അവർ നല്ല രീതിയിൽ ജോലി ചെയ്യുന്നതായും പൊലീസ് പറഞ്ഞു. കടത്തികൊണ്ടുപോകപ്പെട്ടവരുടെ വീടുകളിൽ അന്വേഷണം നടത്തിയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒറിജിനൽ പാസ്പോർട്ടും ഫോട്ടോകളും മാത്രമാണ് സംഘം രേഖകളായി ആവശ്യപ്പെട്ടിരുന്നത്. യാത്രയ്ക്ക് ആവശ്യമായ മറ്റു രേഖകളെല്ലാം സംഘം വ്യാജമായി ഉണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബംഗളൂരു. മടിവാളയിലെ ഒരു സ്ഥാപനത്തിൽ നിന്നാണ് വ്യാജ സീലുകളും മറ്റും ഉണ്ടാക്കിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് പ്രസ്തുത സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതോടെ കൂടുതൽ ഇടപാടുകൾ പുറത്തുകൊണ്ടുവരനാകുമെന്നാണ് പൊലീസ് പറയുന്നത്.