‘തമിഴക വെട്രി കഴകം’;രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ച് നടൻ വിജയ്. വെള്ളിയാഴ്ച ‘തമിഴക വെട്രി കഴകം’ എന്ന രാഷ്ട്രീയ പാർട്ടി നടൻ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് താരത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം.
കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ ‘വിജയ് മക്കൾ ഇയക്കം’ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് വിജയ് രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയിക്കുന്നത്.
‘തമിഴക വെട്രി കഴകം എന്ന പാർട്ടിയെ രജിസ്റ്റർ ചെയ്യുന്നതിനായി ഞങ്ങൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകുന്നു. വരാനിരിക്കുന്ന 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും തമിഴ്നാട്ടിൽ അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം ഉണ്ടാക്കുകയെന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം,’ വിജയ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒരു പാർട്ടിക്കും പിന്തുണ നൽകില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ലെന്നും ഇത് എൻ്റെ അഗാധമായ അഭിനിവേശമാണെന്നും അതിൽ എന്നെത്തന്നെ പൂർണമായും അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും വിജയ് കൂട്ടിച്ചേർത്തു.