‘കെെക്കൊഴ പിടിച്ചിടാൻ അനസ്തേഷ്യ നൽകി’; അഞ്ചരവയസുകാരന്റെ മരണത്തിന് കാരണം ചികിത്സാപിഴവെന്ന് ബന്ധുക്കൾ
പത്തനംതിട്ട: ചികിത്സയിലിരിക്കെ അഞ്ചരവയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് ബന്ധുക്കൾ. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ആശുപത്രി അനസ്തേഷ്യ നൽകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ വെെകിട്ടാണ് പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി വർഗീസ് വീണ് പരിക്കേറ്റത്. തുടർന്ന് ആരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റാന്നി മാർത്തോമാ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം ചികിത്സയിക്കായി എത്തിച്ചത്. കൊണ്ടുവന്നപ്പോൾ കുട്ടിയുടെ കെെക്കൊഴ തെറ്റിയിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
കെെക്കൊഴ പിടിച്ചിടുമ്പോൾ അനസ്തേഷ്യ കൊടുത്താണ് ചെയ്യുന്നതെന്നും അതിനിടെ കുഞ്ഞിന്റെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ശാരീരിക അവശത നേരിട്ടെന്നും അധികൃതർ പറഞ്ഞു. തുടർന്നാണ് കുട്ടിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ വച്ച് ഏകദേശം പത്ത് മണിയോടെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
അനസ്തേഷ്യ നൽകിയ ഉടൻ കുട്ടി കുഴഞ്ഞുവീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മാസം മുൻപ് ആരോണിനെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ കുഞ്ഞിന് അനസ്തേഷ്യ നൽകുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി കോട്ടയത്തേക്ക് കൊണ്ടുപോയി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കേസെടുക്കുക. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.