തിരുവനന്തപുരം : കടലാസ് അപേക്ഷാ ഫോമുകള്‍ കഴിയുന്നത്ര ഒഴിവാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കടലാസ് അപേക്ഷാ ഫോമുകള്‍ കഴിവതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ വകുപ്പ് ഓഫീസുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. പല രേഖകളും ഡിജിറ്റലായി പരിവാഹന്‍ സൈറ്റില്‍ ലഭ്യമായ സാഹചര്യത്തിലാണ് കാലോചിത പരിഷ്കാരം നിര്‍ദേശിച്ചു കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കടലാസ് രേഖകള്‍ വേണ്ടതും വേണ്ടാത്തതുമായ സേവനങ്ങള്‍ സര്‍ക്കുലറില്‍ വിശദമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ഒരു വര്‍ഷം കഴിയുമ്ബോള്‍ ഇവ ഡിജിറ്റല്‍ രേഖകളാക്കി മാറ്റണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
പുതിയ വാഹന റജിസ്ട്രേഷനുള്ള അപേക്ഷ പരിഗണിക്കുമ്ബോള്‍ ഡിജിറ്റലായി കിട്ടുന്ന രേഖകള്‍ വീണ്ടും കടലാസ് ഫോമില്‍ വാങ്ങേണ്ടതില്ല. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹനങ്ങളുടെ രൂപമാറ്റം, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ അനുബന്ധ സേവനങ്ങളും കടലാസ് അപേക്ഷകള്‍ കൂടാതെ ചെയ്തു കൊടുക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
പുതുതായി ഡ്രൈവിങ് ലൈസന്‍സിനോ വാഹന റജിസ്ട്രേഷനോ അപേക്ഷ നല്കുമ്ബോള് കടലാസും ഡിജിറ്റലുമായ രണ്ടു ഫയലുകള്‍ ഉണ്ടാകുന്നുണ്ട്. പരിവാഹനില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഫയല്‍, ഓഫിസ് രേഖയായി കണക്കാക്കാം. കടലാസ് ഫയല്‍ ലൈസന്‍സ്/വാഹന ഉടമ തന്നെ സൂക്ഷിക്കണം. ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹനത്തിന്റെയും വിശദാംശങ്ങള്‍, വാഹന നികുതി ഒടുക്കല്‍ സേവനങ്ങള്‍ക്കും ഡിജിറ്റല്‍ ഫയല്‍ മതി.
അതേസമയം കേന്ദ്രീകൃത പ്രിന്റിങ് പ്രാവര്‍ത്തികമാകും വരെ അപേക്ഷകന്റെ അഡ്രസ് എഴുതി സ്റ്റാംപ് ഒട്ടിച്ച കവര്‍ വാങ്ങാമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഫോം ഡിഎല്‍സി, ഇന്സ്പെക്ഷന് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ അതതു കാലയളവു വരെ ഫയല്‍ അപേക്ഷകന് സൂക്ഷിക്കണം എന്നുള്ള നിര്‍ദേശം ഉള്‍ക്കൊള്ളിച്ച് അതില്‍ അപേക്ഷകന് ഒപ്പു വയ്ക്കണം. ഫോം ഡിഎല്‍സി, ഇന്സ്പെക്ഷന് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഓഫിസില്‍ ഒരു വര്‍ഷത്തേക്കു സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.