നിക്ഷേപക തട്ടിപ്പിൽ ഒറ്റക്കെട്ട്;കോൺഗ്രസ്-സിപിഎം നേതാക്കൾക്കെതിരെ കേസ്
തിരുവനന്തപുരം: തിരുവിതാംകൂർ സമൃദ്ധി വർക്കേഴ്സ് വെൽഫെയർ സഹകരണ
സംഘത്തിന്റെ മറവിൽ നിക്ഷേപക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കോൺഗ്രസ്
നേതാവിനെതിരെ കേസ്. കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തോംസൺ
ലോറൻസിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കരുമം സ്വദേശിയായ വിമുക്തഭടൻ
മത്തായിയുടെ പരാതിയിലാണ് കേസെടുത്തത്. കോൺഗ്രസ് നേതാവിനുപുറമെ സിപിഎം
പ്രാദേശിക നേതാവ് ബിനുവിനെതിരെയും കേസെടുത്തിട്ടുണ്ട്. പരാതിയിൽ വഞ്ചനാ കുറ്റം
ചുമത്തി വഞ്ചിയൂർ പോലീസ് തോംസണിതിരെ കേസെടുത്തിട്ടുണ്ട്. സിപിഎം പ്രാദേശിക
നേതാവ് ബിനുവിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. സമൃദ്ധി സഹകരണ സംഘത്തിൽ പണം
നിക്ഷേപിച്ച നിരവധി പേർ തട്ടിപ്പിന് ഇരയായെന്നാണ് അന്വേഷണത്തിൽ പൊലീസ്
കണ്ടെത്തിയിരിക്കുന്നത്. തോംസൺ ലോറൻസ് പ്രസിഡന്റായി വഞ്ചിയൂർ ആസ്ഥാനമായി
പ്രവർത്തിക്കുന്ന തിരുവിതാംകൂർ സമൃദ്ധി സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്. വൻതുക
പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. തോംസണും ഏജന്റ് ബിനുവും
നിർബന്ധിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപ ഐസക്ക് മത്തായി സംഘത്തിൽ നിക്ഷേപിച്ചു.
കാലാവധി കഴിഞ്ഞ് നിക്ഷേപം പിൻവലിക്കാൻ സംഘത്തിൽ എത്തിയപ്പോഴാണ് പ്രവർത്തനം
നിർത്തിയത് അറിയുന്നത്. പലതവണ തോംസണിനെ ബന്ധപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല.
തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.