കമ്പനിയിൽ അടക്കേണ്ട പണം സ്വന്തം അക്കൗണ്ടിലിട്ടു;32 ലക്ഷം തട്ടിയ ജീവനക്കാരനെതിരെ വിശ്വാസവഞ്ചനക്ക് കേസെടുക്കാൻ കോടതി നിർദേശം
കാസർകോട്: കിടക്ക വ്യാപാര സ്ഥാപനത്തിലെ മാർക്കറ്റിംഗ് വിഭാഗം ജീവനക്കാരൻ കമ്പനിയിൽ അടക്കേണ്ട മുപ്പത്തി രണ്ട് ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വിശ്വാസവഞ്ചന കാണിച്ചുവെന്ന പരാതിയിൽ കോടതിനിർദേശപ്രകാരം പൊലീസ് കേസെടുത്തു. കുമ്പള ശാന്തിപ്പള്ള ബദ്രിയ നഗറിലെ ഗബ്ബാന മാട്രസ് സ്ഥാപന ഉടമ കോയിപ്പാടി സൂരംബയലിലെ പ്രദീപ് കുമാർ ശർമ്മയുടെ (35) പരാതിയിലാണ് അനന്തപുരം ടെമ്പിൾ റോഡിലെ അനിൽകുമാർ ഗൗണ്ടിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ജീവനക്കാരനായ പ്രതി 2020 മുതൽ ഇടപാടുകാരിൽ നിന്നും ഗൂഗിൾ പേ വഴിപണം സ്വീകരിച്ച ശേഷം കമ്പനി അക്കൗണ്ടിൽ അടക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്. ജീവനക്കാരൻ സാധനങ്ങൾ വില്പന നടത്തിയ 32 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കുകയും തുടർന്നു അതേ സ്ഥാപനത്തിന്റെ 100 മീറ്റർ അകലെ അത്തരത്തിൽ മറ്റൊരു സ്ഥാപനമാരംഭിക്കുകയും ചെയ്തുവെന്നു ഉടമ പ്രദീപ് കുമാർ ശർമ്മ പരാതിപ്പെട്ടു.
പ്രദീപ് കുമാർ ശർമ്മ 2020 ൽ കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറിൽ ഗബ്ബാന മാട്രസ് എന്ന പേരിൽ സഹോദരനുമായി ചേർന്ന് മെത്ത നിർമ്മാണ ഫാക്ടറി ആരംഭിച്ചിരുന്നു. എന്നാൽ കൊറോണയെ തുടർന്ന് സഹോദരൻ നാട്ടിലേക്കു മടങ്ങിയതോടെ യു.പി സ്വദേശിയായ അനിൽകുമാർ ഗൗണ്ട് എന്നയാളെ സെയിൽസ് എക്സിക്യൂട്ടിവായി നിയമിച്ചിരുന്നു. മെത്തകൾക്കു കടകളിൽപ്പോയി ഓഡർ എടുത്തു വിതരണം ചെയ്യുകയും പണം തിരിച്ചേൽപ്പിക്കുകയുമായിരുന്നു അയാളുടെ ജോലി. ആദ്യകാലങ്ങളിൽ കൃത്യമായി ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് മെത്ത വിറ്റു കിട്ടുന്ന പണം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു. 32 ലക്ഷം രൂപ ഇത്തരത്തിൽ തട്ടിയെടുത്തശേഷം ഗബ്ബാന മാട്രസിനു 100 മീറ്റർ അകലെ ജ്യോതി മാട്രസ് എന്ന മറ്റൊരു സ്ഥാപനം തുറക്കുകയായിരുന്നു. തന്റെ വ്യവസായത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പരാതി നൽകിയത്. യു.പി സ്വദേശികളായ പരാതിക്കാരൻ സൂരംബയലിലും എതിർ കക്ഷി നായിക്കാപ്പിലുമാണ് താമസിക്കുന്നത്.