വെളുത്തുള്ളി ആവശ്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വാങ്ങിക്കോളൂ, കച്ചവടക്കാർ വില്പന അവസാനിപ്പിക്കുന്നു
കോലഞ്ചേരി: ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 500 കടന്നു. കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.
വാങ്ങിയശേഷമുള്ള തർക്കമൊഴിവാക്കാനാണ് വില പ്രദർശിപ്പിക്കുന്നതെന്നും നിലവിലുള്ള സ്റ്റോക്ക് തീർന്നാൽ ഇനി വാങ്ങില്ലെന്നും കടയുടമകൾ പറഞ്ഞു.ഒരു കിലോ വെളുത്തുള്ളി രണ്ട് ദിവസം കടയിലെ ചാക്കിലിരുന്നാൽ 100-150 ഗ്രാം വീതം കുറയും. ഇപ്പോഴത്തെ വിലയിൽ ഇത് നഷ്ടത്തിനിടയാക്കുമെന്നതിനാൽ വില്പന അവസാനിപ്പിക്കുകയാണെന്ന് അവർ പറയുന്നു.
ഹോട്ടലുകളും കാറ്ററിംഗുകാരുമാണ് വില വർദ്ധനയിൽ ഏറെ കഷ്ടപ്പെടുക. നോൺ വെജ്, ചൈനീസ് വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് വെളുത്തുള്ളി.കോയമ്പത്തൂർ എം.ജി.ആർ മാർക്കറ്റിൽ പ്രതിദിനം 10 ലോഡ് വരെ വെളുത്തുള്ളി എത്തിയിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട്, മൂന്ന് ലോഡായി കുറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി വെളുത്തുള്ളിയെത്തുന്നത്. ഒരു മാസം മുമ്പ് കിലോയ്ക്ക് 130 രൂപയായിരുന്നു വില.
വില നിശ്ചയിക്കൽ
മന്ദസൗറിൽ
രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയുള്ള മദ്ധ്യപ്രദേശിലെ മന്ദ്സൗറിലാണ് വില നിശ്ചയിക്കുന്നത്. അവിടെ നിന്നാണ് രാജ്യത്തെ മൊത്തവ്യാപാര മാർക്കറ്റുകളിൽ ഉള്ളി എത്തുന്നത്. മുൻ വർഷത്തെ ഉത്പാദനത്തിലെ കുറവും ഇക്കുറി കാലവസ്ഥാ വ്യതിയാനത്താൽ വിളവെടുപ്പ് വൈകുന്നതും വില കുതിക്കാൻ ഇടയാക്കി. ഛത്തീസ്ഗഡ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷി. സംസ്ഥാനത്ത് മറയൂരിലും വട്ടവടയിലും കൃഷിയുണ്ട്. ഇവിടങ്ങളിലൊന്നും വിളവെടുപ്പ് ആയിട്ടില്ല. അതിനാൽ വില ഇനിയും ഉയരും.