പൂപ്പാറ കൂട്ടബലാത്സംഗം: പ്രതികൾക്ക് 90 വർഷം തടവ്, 40000 രൂപ പിഴ അടക്കണം
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിൽ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്പതിനായിരം രൂപയും ശിക്ഷ. ദേവികുളം അതിവേഗ കോടതിയുടെയാണ് വിധി. ഇതോടെ പ്രതികളായ തമിഴ്നാട് സ്വദേശി സുഗന്ദ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി .
അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റം മൂന്നു പ്രതികളുംചെയ്തുവെന്ന് ഇന്നലെ ദേവികുളം അതിവേഗ കോടതി കണ്ടെത്തിയിരുന്നു.ശാസ്ത്രീയ തെളിവുകള്‍, സാഹചര്യം എന്നിവയൊക്കെ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ കണ്ടെത്തില്‍. പ്രതികള്‍ ചെറുപ്പക്കാരാണ് പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.വിവിധ വകുപ്പുകള്‍ പ്രകാരം മൊത്തം 90 വര്‍ഷമാണ്തടവ്.ശിക്ഷകളെല്ലാം 25 വര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി.
2022 മെയ് 29ന് വൈകിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാറുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്.സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി സുഹൃത്തിനെ മർദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു . കേസില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് ഇവരുടെ കേസ് തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് പരിഗണിക്കുന്നത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഒരാളെ ഇന്നലെ വെറുതവിട്ടിരുന്നു.