സൊമാലിയൻ കടൽക്കൊള്ളക്കാർ ബന്ദികളാക്കിയത് 19 പാകിസ്ഥാനികളെ, രക്ഷകരായി ഇന്ത്യൻ നാവികസേന; മോചിപ്പിച്ചു
ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന ബോട്ടിലെ 19ഓളം പാകിസ്ഥാനി മത്സ്യബന്ധന തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ നാവികസേന. ഇറാനിയൻ മത്സ്യബന്ധന ബോട്ടായ അൽ-നയീമിയാണ് 11 പേരടങ്ങുന്ന സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയത്. പിന്നാലെ രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരെ പിടികൂടി പാകിസ്ഥാനികളെ രക്ഷപ്പെടുത്തി. ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ആയുധങ്ങളേന്തിയ 11 സൊമാലിയൻ കടൽക്കൊള്ളക്കാർ ഇറാൻ ബോട്ടിനെ റാഞ്ചുകയായിരുന്നു. ബന്ദികൾ ആരോഗ്യവാന്മാരാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. 36 മണിക്കൂർ ഇടവേളയിൽ രണ്ടാം തവണയാണ് ഇന്ത്യൻ നാവികസേന വിദേശ കപ്പൽ മോചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 17 ജീവനക്കാരുമായി സഞ്ചരിച്ച ‘ ഇമാൻ ‘ എന്ന ബോട്ടിനെ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. ഈ ബോട്ടിനെയും രക്ഷിച്ചത് ഇന്ത്യൻ നാവികസേനയായിരുന്നു.
യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊച്ചിക്ക് പടിഞ്ഞാറ് 700 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലുമായി പട്രോളിംഗിലായിരുന്നു സുമിത്ര. അപായ സന്ദേശം ലഭിച്ചയുടൻ കുതിച്ചെത്തി ഇറാനിയൻ ബോട്ടിനെ തടഞ്ഞു. ബോട്ടിലുള്ളവരെ കടൽക്കൊള്ളക്കാർ ബന്ദികളാക്കിയിരുന്നു.
ബോട്ട് വിട്ടുപോകാൻ നേവി അന്ത്യശാസനം നൽകി. അതോടെ 17 പേരെയും സ്വതന്ത്രരാക്കിയ കൊള്ളക്കാർ രക്ഷപ്പെട്ടെന്ന് നേവി വൃത്തങ്ങൾ പറഞ്ഞു. പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷം ഇറാനിയൻ ബോട്ട് യാത്ര തുടർന്നു. പേർഷ്യൻ ഗൾഫ് കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷമായത് 2008 മുതലാണ്. ഇവിടെ ചരക്കു കപ്പലുകൾക്ക് പ്രധാന ആശ്രയം ഇന്ത്യയാണ്. 12 യുദ്ധക്കപ്പലുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.