കാസർകോട് ഉളുവാർ സ്കൂൾ ക്ലാസ് മുറിയിൽ മൂർഖൻ പാമ്പ്
കാസർകോട്: ഉജാർ ഉളുവാർ ജി.എൽ.പി സ്കൂളിലെ ക്ലാസ് മുറിയിൽ മൂർഖൻ പാമ്പ്. പാമ്പിനെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. പാമ്പ് വീണ്ടും എത്താൻ സാധ്യത ഉണ്ടെന്ന നിഗമനത്തെ തുടർന്ന് ക്ലാസ് മുറി വിശദമായി പരിശോധിച്ചതിനുശേഷം മാത്രം കുട്ടികളെ ക്ലാസ് മുറിയിൽ കയറ്റിയാൽ മതിയെന്നു പ്രധാന അധ്യാപിക നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയിൽ പാമ്പ് പ്രത്യക്ഷപ്പെട്ടത്. പുതുതായി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശിയായ അധ്യാപകൻ ക്ലാസ് മുറിയിലിരുന്ന് കമ്പ്യൂട്ടറിൽ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ ഫണം വിടർത്തിയ മൂർഖൻ പാമ്പിനെ കണ്ടത്. ശബ്ദമുണ്ടാക്കിയപ്പോൾ പാമ്പ് ഓടി മറിഞ്ഞു. വിവരമറിഞ്ഞ് മറ്റ് അധ്യാപകർ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ
കഴിഞ്ഞില്ല.
നേരത്തെയും സ്ക്കൂൾ കോമ്പൗണ്ടിൽ നിരവധി തവണ മൂർഖൻ പാമ്പിനെ കണ്ടിരുന്നതായി അധ്യാപകരും പരിസരവാസികളും പറയുന്നു. എന്നാൽ ക്ലാസ് മുറിയിൽ മൂർഖൻ പാമ്പിനെ ആദ്യമായി കണ്ടത് കഴിഞ്ഞ ദിവസമാണ്.
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി കന്നഡ, മലയാളം മീഡിയങ്ങളിലായി 150 വോളം കുട്ടികളാണ് സ്കൂളിലുള്ളത്. പാമ്പിനെ കണ്ട സാഹചര്യത്തിൽ സ്കൂൾ വളപ്പിലെ പാർക്കിലെ കാടുകളും പുല്ലും മറ്റും വെട്ടി വൃത്തിയാക്കി. മുറികൾ അടച്ചു പൂട്ടിയാലും വാതിലിനു അടിയിൽ കൂടി പാമ്പിനു അകത്തു കടക്കാൻ കഴിയുന്ന വിടവുണ്ടെന്നു നാട്ടുകാർ പറയുന്നു.