രണ്ടു വർഷത്തെ പ്രണയ ബന്ധം;സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ട ശേഷം യുവാവ് ജീവനൊടുക്കി
മലപ്പുറം:സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ടശേഷം യുവാവിനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്യാർപൊയിൽ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദ് (23) ആണ് മരിച്ചത്. പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 28ന് പുലർച്ചെ 1.13ന് ആണ് സമൂഹമാധ്യമത്തിൽ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. രണ്ടു വർഷമായി ഒരു പെൺകുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് അതിൽ പറയുന്നു. പിന്നീട് ബന്ധം തകർന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട പരാതിയിൽ നിലമ്പൂർ പൊലീസ് പലതവണ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേൾക്കാൻ പൊലീസ് തയാറായില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
ഇത് ഗൾഫിലുള്ള സുഹൃത്തുക്കൾ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ചു. അവർ വീട്ടുകാരെ വിളിച്ചുണർത്തിച്ചെന്നു നോക്കിയപ്പോൾ ഒന്നാം നിലയിലെ കിടപ്പുമുറിക്ക് സമീപമുള്ള ടെറസിൽ ജാസിദിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് മൊബൈൽ ഷോപ്പിലാണ് ജാസിദിന് ജോലി. പോസ്റ്റ്മാർട്ടത്തിനു ശേഷം കബറടക്കം നടത്തി.