ബംഗളൂരുവിൽ മകനെ പിതാവ് വെടിവച്ച് കൊന്നു
ബംഗളൂരുവിൽ മകനെ പിതാവ് വെടിവച്ച് കൊന്നു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കരേക്കലിലാണ് ദാരുണമായ സംഭവം നടന്നത്. പ്രദേശത്തെ നർത്തൻ ബൊപ്പണ്ണ എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ വച്ച് ബൊപ്പണ്ണ മരിച്ചു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിൽ കലാശിച്ച കാരണം അവ്യക്തമാണ്. മദ്യലഹരിയിൽ വഴക്കിനിടെ സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.