കരിപ്പൂർ വഴി ഹജ്ജിന് പോകാൻ ഇത്തവണ ചെലവേറും; മന്ത്രിക്ക് കത്തയച്ചു, അധികമായി നൽകേണ്ടത് 75,000
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോകാൻ ഇത്തവണ ചെലവേറും. കണ്ണൂരിൽ ടിക്കറ്റ് നിരക്ക് 89,000 രൂപയും, നെടുമ്പാശ്ശേരിയിൽ 86,000 രൂപയും മാത്രമായിരിക്കെ കരിപ്പൂരിൽ ടിക്കറ്റ് നിരക്ക് 1,65000 രൂപയാണ്. 75,000 രൂപയാണ് കരിപ്പൂരിൽ നിന്ന് യാത്ര പോകുന്നവർ അധികമായി നൽകേണ്ട തുക. പകുതിയിലധികം ഹജ്ജ് തീർത്ഥാടകരും കരിപ്പൂരിൽ നിന്നായതിനാൽ വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. എയർ ഇന്ത്യമാത്രമാണ് കരിപ്പൂരിൽ സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ അനുമതിയുമില്ല. ഈ സാഹചര്യത്തിൽ ഹജ്ജ് തീർത്ഥാടനത്തിന് കോഴിക്കോട് നിന്നുള്ള വൻ വിമാന നിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കും കത്തെഴുതിയിട്ടുണ്ട്.
കഴിഞ്ഞവർഷം കേരളത്തിൽ നിന്നും 11556 തീർത്ഥാടകരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്രതിരിച്ചത്. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാർക്കേഷൻ പോയിൻറ്.
കോഴിക്കോട് നിന്നും എയർ ഇന്ത്യയും, കരിപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദി എയർലൈൻസുമാണ് സർവീസിന് അർഹത നേടിയത്. ഇത്തവണത്തെ ഉയർന്ന നിരക്ക് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് താങ്ങാൻ കഴിയുന്നതല്ല. നിരക്ക് കുറയ്ക്കണം. ഇതിനായി കോഴിക്കോട്ട് നിന്നുള്ള നിരക്ക് നിശ്ചയിക്കാൻ റീ ടെണ്ടർ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.