ലോക് സഭാ തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്ക് നാളെ കാസർകോട് തുടക്കമാകും
കാസർകോട്:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് നാളെ കാസർകോട് തുടക്കമാകും. താളിപ്പടുപ്പ് മൈതാനിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം ഫെബ്രുവരി 27ന് പാലക്കാട് സമാപിക്കും.
മോദി ഗ്യാരൻഡി. പുതിയ കേരളം എന്നതാണ് പദയാത്രയുടെ പ്രധാന മുദ്രാവാക്യം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തന്നെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ സമര പ്രഖ്യാപനവും, ഗവർണർ സർക്കാർ പോരും കൂടുതൽ സജീവമാകുന്നതിനിടെയാണ് പദയാത്രയുടെ പര്യടനം. സംസ്ഥാന സർക്കാരിനെതിരെ വിമർശനം തുടരുന്നതിനൊപ്പം കേന്ദ്ര നേട്ടങ്ങൾ കൂടി ഊന്നി ആയിരിക്കും രാഷ്ട്രീയ പ്രചാരണം.
പൊതുസമ്മേളനങ്ങളിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പടെ ദേശീയ നേതാക്കളെ എത്തിക്കാനാണ് നീക്കം. ഫെബ്രുവരി 12ന് തിരുവനന്തപുരത്തെ പദയാത്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. മണ്ഡലങ്ങളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായും, മത സാമൂദായിക നേതാക്കളുമായും കെ സുരേന്ദ്രൻ കൂടികാഴ്ച്ച നടത്തും.