എടൂര്‍: മസ്ജിദ് ഇല്ലാത്തയിടത്ത് മഗ്രിബ് നമസ്ക്കാരത്തിന് പള്ളിവക പാരിഷ് ഹാള്‍ തുറന്നു നല്കി കണ്ണൂര്‍, എടൂര്‍ സെന്റ് മേരിസ് ഫൊറോനാ പള്ളി ഭാരവാഹികള്‍ മാതൃകയായി. പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള ലോങ് മാര്‍ച്ചിനിടെയാണ് മുസ്ലിം സഹോദരങ്ങള്‍ക്ക് പ്രാര്‍ഥനയ്ക്കായി പള്ളി വികാരിയുടെ നേതൃത്വത്തില്‍ സൗകര്യമൊരുക്കി മതസൗഹാര്‍ദത്തിന്റെ മാതൃക സൃഷ്ടിച്ചത്.
ആറളത്ത് നിന്ന് എടൂരിലേയ്ക്കായിരുന്നു ലോങ് മാര്‍ച്ച്. മാര്‍ച്ച് സമാപനസ്ഥലമായ എടൂരിലെത്തിയപ്പോള് മഗ്്രിബ് നമസ്ക്കാരത്തിന്റെ സമയമായി . പ്രദേശത്ത് മുസ്ലിം പള്ളി ഇല്ലാത്തതു കൊണ്ട്, സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള സ്കൂളിന്റെ മൈതാനം പ്രാര്‍ഥനക്കായി അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി ലോങ് മാര്‍ച്ചിന്റെ സംഘാടകര്‍ വികാരി ആന്റണി മുതുകുന്നേലിനെ സമീപിച്ചു. പൊടി നിറഞ്ഞ മൈതാനത്ത് പ്രാര്‍ഥന ബുദ്ധിമുട്ടാകുമെന്നും പാരിഷ് ഹാള്‍ ഉപയോഗിക്കാനുമായിരുന്നു മറുപടി.
അതേസമയം പള്ളി വികാരിയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവരുന്നത്. മാര്‍ച്ചില്‍ പങ്കെടുത്ത സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പള്ളി അധികൃതരെ പ്രശംസിച്ചു.