പിതാവിനെ കൊല്ലുമെന്ന് ഭീഷണിയെ തുടർന്ന് പത്താംക്ലാസ് വിദ്യാർത്ഥിനി എലിവിഷം കഴിച്ച് ആശുപത്രിയിൽ;;യുവാവിനെതിരെ പോക്സോ കേസ്
കാസർകോട്: പിതാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് പത്താംക്ലാസ് വിദ്യാർത്ഥിനി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പ്രകാരം മൊഗ്രാൽ സ്വദേശിയായ ഗൾഫുകാരനെതിരെ ബദിയഡുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയാണ് ഗുരുതരനിലയിൽ ദേർളക്കട്ടയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം സ്കൂളിൽ നിന്നു വീട്ടിൽ തിരികെ എത്തിയശേഷമാണ് വിഷം കഴിച്ചതെന്നു പറയുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ നേരത്തെ പരിചയപ്പെട്ട ആളാണ് മൊഗ്രാൽ സ്വദേശി. ഇക്കാര്യം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ഗുണദോഷിച്ചിരുന്നു. ഇതേ തുടർന്ന് യുവാവുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായി അറിയിക്കുകയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നുവെന്ന് പറയുന്നു. ഇതേ തുടർന്ന് യുവാവ് പെൺകുട്ടി സ്കൂളിൽ പോകുമ്പോൾ പിൻ തുടരുകയും പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. അടുത്തിടെയാണ് യുവാവ് ഗൾഫിൽ നിന്നും എത്തിയത്. പെൺക്കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച വിവരമറിഞ്ഞ യുവാവ് നാട്ടിൽ നിന്നു മുങ്ങിയെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.