ചരിത്ര മാറ്റത്തിനൊരുങ്ങി സൗദി, മദ്യശാല തുറന്നേക്കും; അമുസ്ലിം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മദ്യം ലഭ്യമാക്കും
റിയാദ്: സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദിൽ തുറക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉപഭോക്താക്കൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് എടുക്കണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നും പറയുന്നു. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കും. അതേസമയം, റിപ്പോർട്ടുകളോട് സൗദി ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചില്ല.
ഇസ്ലാമിൽ മദ്യപാനം നിഷിദ്ധമായതിനാൽ സൗദിയിൽ സമ്പൂർണ മദ്യനിരോധന നയമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. പെട്രോൾ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥക്ക് ശേഷം വിഷൻ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്നും കരുതുന്നു.
എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക. അമുസ്ലിംകൾക്ക് മാത്രമായിരിക്കും മദ്യം നൽകുക. അതേസമയം, അമുസ്ലിം പ്രവാസികൾക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്നത് വ്യക്തമല്ല. സൗദിയിലെ ദശലക്ഷക്കണക്കിന് പ്രവാസികളിൽ ഏറെയും ഏഷ്യയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള മുസ്ലീം തൊഴിലാളികളാണ്.
സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. മദ്യപാനം പിടിക്കപ്പെട്ടാൽ ചാട്ടവാറടി, നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ് എന്നിവയാണ് ശിക്ഷ. പ്രവാസികൾക്കും ശിക്ഷയിൽ ഇളവില്ല. പരിഷ്കാരങ്ങളുടെ ഭാഗമായി, ചാട്ടവാറടി ഒഴിവാക്കിയിരുന്നു. നയതന്ത്ര ചരക്കുകളിൽപ്പെടുത്തി മദ്യം ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് സംസ്ഥാന നിയന്ത്രിത മാധ്യമങ്ങൾ ഈ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സൗദി അറേബ്യയിലെ മുസ്ലിം ഇതര രാജ്യങ്ങളുടെ എംബസികൾക്ക് ലഭിക്കുന്ന വസ്തുക്കളുടെയും ലഹരിപാനീയങ്ങളുടെയും അനുചിതമായ കൈമാറ്റം തടയാൻ പുതിയ നിയന്ത്രണം സഹായിക്കുമെന്ന് അറബ് ന്യൂസ് ദിനപത്രം ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
അടുത്ത കാലത്തായി കർശനമായ സാമൂഹിക നിയമങ്ങളിൽ ഇളവ് വരുത്താൻ സൗദി തയ്യാറായിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, സംഗീത പരിപാടികൾ, സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകുക തുടങ്ങിയ പരിഷ്കാരങ്ങൾ നടപ്പിലാക്കി.