വീട്ടുകാർക്ക് ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി മോഷണം; കൃത്യം നടത്തിയത് വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി
വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി വീട്ടുകാർക്ക് നൽകി സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു. വർക്കലയിലാണ് സംഭവം. അഞ്ചംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നും ഇതിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വീട്ടുടമ ശ്രീദേവി അമ്മ, മരുമകള്‍ ദീപ, ഹോം നഴ്സായ സിന്ധു എന്നിവർക്കാണ് ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നൽകിയത്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി വീട്ടിലെത്തിയ ബന്ധുക്കളാണ് സംഭവമറിയുന്നത്. മൂന്ന് പേരും ബോധരഹിതരായി കിടക്കുന്നതാണ് ബന്ധുക്കൾ കണ്ടത്.
നാട്ടുകാര്‍ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ഒരാളെ പിടികൂടിയത്. സ്വര്‍ണ്ണവും പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇന്ന് രാവിലെ സമീപത്ത് ഒളിച്ചിരുന്ന മറ്റൊരാളെയും നാട്ടുകാര്‍ പിടികൂടി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.