നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസ്; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നോട്ടീസ്
തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നോട്ടീസ്. തിങ്കളാഴ്ച ഹാജരാകാനാണ് ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നൽകിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.
കേസിലെ ഒന്നാം പ്രതിയാണ് അനിൽ കുമാർ. സുരക്ഷാസേനയിലെ കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോടതി നിർദേശ പ്രകാരം കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴാണ് പൊലീസ് നടപടിക്കൊരുങ്ങിയത്. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരിക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ലഭിക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ, കെഎസ്യു ജില്ലാ പ്രസിഡന്റ് എഡിതോമസ് എന്നിവർ നൽകിയ ഹർജിയിലാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഇടപെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഐപിസി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹർജി.
16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഗൺമാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മർദ്ദിച്ചത്. തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു.
സൗത്ത് പൊലീസിൽ ഇരുവരും പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ റിപ്പോർട്ട് തേടിയപ്പോൾ, ഒഴിവാക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ലാത്തിയടിയെന്നാണ് സൗത്ത് പൊലീസ് മറുപടി നൽകിയത്.