സ്കൂട്ടർ മതിലിലിടിച്ച് മറിഞ്ഞ് കലുങ്കിനടിയിൽ കിടന്നത് മണിക്കൂറുകൾ; ഒടുവിൽ യുവതിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കലുങ്കിന്റെ മതിലിൽ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് രാത്രി മണിക്കൂറുകളോളം കലുങ്കിനടിയിൽ കിടന്ന യുവതി മരിച്ചു. മല്ലപ്പള്ളി മഞ്ഞത്താനം അരുൺസ് കോട്ടേജിൽ സിജി എം ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മുട്ടുമൺ-ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം.
ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെ നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കിൽ സ്കൂട്ടർ ഇടിച്ചു മറിയുകയായിരുന്നു.
സ്കൂട്ടറും യുവതിയും കലുങ്കിനടിയിലേക്കു വീണു. പുലർച്ചെ ഒരു മണിയോടെ ഇതുവഴി കാറിൽ വന്നവരാണ് കലുങ്കിനോടു ചേർന്നു കാൽ ഉയർന്നുനിൽക്കുന്നതു കണ്ടത്. ഒന്നേകാലോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് അമ്പദീഷ് ഇടുക്കിയിലുള്ള ജോലിസ്ഥലത്ത് ആയിരുന്നു. പാട്ടക്കാല അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു സിജി. സംഭവത്തിൽ കോയിപ്രം പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട്.