വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാർ ശമ്പളം കൈപ്പറ്റി, കെ വിദ്യയുടെ കുറ്റപത്രം സമർപ്പിച്ചു
കാസര്‍കോട്: കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നത്. വിദ്യ വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നീലേശ്വരം പൊലീസാണ് ഹോസ്ദുർഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടിയിലുള്ള രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിൽ മലയാളം ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് അഭിമുഖത്തിന് കെ.വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് സംഭവത്തിന് കാരണം. മഹാരാജാസ് കോളേജിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരത്തിൽ ജോലി ചെയ്തെന്നായിരുന്നു വിദ്യ ഹാജരാക്കിയ രേഖ. സംശയം തോന്നിയ കോളേജധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയും കോളേജധികൃതർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയാണ് കെ.വിദ്യ.