‘വിശ്വാസം വ്യക്തിപരം, പരസ്യപ്പെടുത്തേണ്ടതില്ല’; പ്രതിഷ്ഠാ ചടങ്ങിന് കർണാടകയിൽ അവധി നൽകില്ലെന്ന് ആവർത്തിച്ച് ശിവകുമാർ
ബെംഗളൂരു: അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതുമായി
ബന്ധപ്പെട്ട് കർണാടകയിൽ അവധി നൽകണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ തള്ളി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വിശ്വാസം വ്യക്തിപരമാണെന്നും അതിനെ പരസ്യപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ ഭക്തി, ഞങ്ങളുടെ ആദരവ്, ഞങ്ങളുടെ മതം… ഞങ്ങളത് പരസ്യപ്പെടുത്തില്ല. ഞങ്ങളുടെ മന്ത്രിമാർ അമ്പലങ്ങളിൽ പൂജ ചെയ്യാറുണ്ട്, അത് ആരും ആവശ്യപ്പെട്ടിട്ടല്ല. ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം ലഭിക്കും. ഞങ്ങൾ എല്ലാവരോടും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു.
സിദ്ധരാമയ്യയുടെ പേരിൽ രാമനുണ്ട്. എൻ്റെ പേരിൽ ശിവനും. ഞങ്ങളെ ആരും ഒന്നും പഠിപ്പിക്കേണ്ട, ഞങ്ങളുടെ കടമ ഞങ്ങൾ ചെയ്തോളും,’ ശിവകുമാർ പറഞ്ഞു.
ജനുവരി 22ന് കർണാടകയിൽ പൊതു അവധി പ്രഖ്യാപിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. എന്നാൽ അവധി നൽകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം തുമകുരുവിൽ പറഞ്ഞിരുന്നു.
അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സിദ്ധരാമയ്യയും ശിവകുമാറും നേരത്തെ അറിയിച്ചിരുന്നു. ബി.ജെ.പി സർക്കാർ അതിഥികളെ നിർണയിക്കുന്നത് പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരമാണെന്നും ശിവകുമാർ ആരോപിച്ചിരുന്നു.