ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭർത്താവിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊഴു പ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടി കൊന്നത്. പുലർച്ചെ അഞ്ചരയോടെ യായിരുന്നു സംഭവം. കൊഴുപ്പള്ളി ബിനുവും ഭാര്യ ഷീജയും ആറാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന 2 മക്കളും ഖന്നാ നഗറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
മത്സ്യ വിൽപനയായിരുന്നു ബിനുവിന്റെ ഉപജീവനം. ഷീജ തുന്നൽ ജോലി ചെയ്തിരുന്നു. രണ്ടുമാസമായി ബിനു ജോലിക്ക് പോകാത്തതിനെ ചൊല്ലി വീട്ടിൽ വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ അഞ്ചരയോടെ മുറിവേറ്റ ശരീരവുമായി കൂട്ടികൾ തൊട്ടടുത്ത ക്ഷേത്ര പരിസരത്തേക്ക് ഓടി എത്തിയപ്പോഴാണ് ഉത്സവത്തിനെത്തിയ നാട്ടുകാർ വിവരമറിയുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് വിട്ട ശേഷം വീടു തുറന്ന് നോക്കുമ്പോൾ ഷീജ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
കൊരട്ടി പൊലീസ് ബിനുവിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ബിനു ട്രയിൻ തട്ടി മരിച്ച വിവരം അറിയുന്നത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തെ റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം. ഭാര്യയെ കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.