കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നിലെ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കാഞ്ഞങ്ങാടും പരിസര പ്രദേശത്തുമുള്ളവര്‍ക്ക് കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള ഏറ്റവും മികച്ച സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുക. ദേശീയപാതയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന മഞ്ഞുംപൊതിക്കുന്നില്‍ നിന്നുള്ള സൂര്യോദയവും അസ്തമയക്കാഴ്ച്ചയും നയനാനന്ദകരമാണ്. അടിസ്ഥാനസൗകര്യവികസനവും സൗന്ദര്യവത്ക്കരണപ്രവൃത്തികളും പൂര്‍ത്തിയാകുന്നതോടെ അറബികടലും അരയിപുഴയും കണ്ടാസ്വദിക്കാന്‍ ഇവിടെ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് പദ്ധതിക്ക് നേതൃത്വം നല്കുന്ന ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് വികസന പദ്ധതി
ജില്ലയിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് വികസന പദ്ധതിയാണ് മഞ്ഞംപൊതിക്കുന്ന് ടൂറിസത്തിലൂടെ യാഥാര്‍ത്ഥ്യമാവുക. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുക.
മുതല്‍ മുടക്ക് 3.60 കോടി
മൂന്നു വര്‍ഷം മുമ്പ് സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയുടെ നിര്‍മ്മാണം സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വരെയും ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. 3.60 കോടി രൂപ മുതല്‍ മുടക്ക് വരുന്ന പ്രാരംഭഘട്ടത്തില്‍ സ്വാഗതകമാനം, ആംഫി തിയേറ്റര്‍, വ്യൂയിങ് പ്ലാറ്റ്ഫോം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഭക്ഷണശാലകള്‍, സെല്‍ഫി പോയിന്റ്, ടോയ്ലറ്റ്, മഴവെള്ള സംഭരണി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളത്തെ സങ്കല്‍പ്പ് ആര്‍ക്കിട്ടെക്റ്റ് ഗ്രൂപ്പാണ് പദ്ധതി രൂപകല്പന ചെയ്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സില്‍ക്ക് (സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്) ഏറ്റെടുത്തിരിക്കുന്ന നിര്‍മ്മാണപ്രവൃത്തികള്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്.