എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു,ഗുരുതര പരിക്ക്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് ക്യാംപസിനുളളിൽവച്ച് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.
എംജി സർവകലാശാല നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി നാസറും ചില എസ്എഫ്ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു. ഇവിടെയെത്തിയാണ് നാസറിനെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിച്ചതെന്നാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്. നാസറിന് വയറ്റിലും കൈകകാലുകൾക്കും കുത്തേറ്റു. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു
നേരത്തേയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്ന് പുലർച്ചെ ഉണ്ടായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫ്രട്ടേണിറ്റി പ്രവർത്തകൻ ബിലാലിനും മർദനമേറ്റിരുന്നു. നേരത്തേയുളള സംഘർഷങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നാസറിനെ കുത്തിയ സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല.