കർണാടക മദ്യത്തിനാണ് ഇപ്പോൾ ഡിമാൻഡ്, രണ്ടുദിവസത്തിനുള്ളിൽ പിടികൂടിയത് 130 ലിറ്റർ
കാസർകോട്: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 129.6 ലിറ്റർ കർണാടക മദ്യം പിടികൂടി.ഓട്ടോറിക്ഷയിൽ മദ്യം കടത്തിക്കൊണ്ടു വന്ന രണ്ടുപേരെയും അറസ്റ്റുചെയ്തു. മഞ്ചേശ്വരം സ്വദേശി നാരായണൻ, മധൂർ സ്വദേശി കിരൺ കുമാർ എന്നിവരാണ് അറസ്റ്റിലായത്. സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ നേതൃത്വം കൊടുത്ത എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, സതീശൻ കെ, മഞ്ചുനാഥൻ വി, നസറുദ്ദീൻ എ കെ, എക്സൈസ് ഡ്രൈവർ ക്രിസ്റ്റീൻ പി എ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞദവസം ആലപ്പുഴയിലും മെത്താഫിറ്റമിനും കഞ്ചാവും കർണാടക മദ്യവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിലായിരുന്നു. ഇവർ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 25 ഗ്രാം മെത്താംഫിറ്റമിനും, 334 ഗ്രാം കഞ്ചാവും, ഒന്നര ലിറ്റർ കർണാടക മദ്യവുമാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ സ്വദേശികളായ നിധീഷ് കെ എസ്, വിനോദ് വി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുമായി മയക്ക് മരുന്ന് ഇടപാടുകൾ നടത്തുന്നവർക്കായി അന്വേഷണം വ്യാപിപ്പിച്ചു.