സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഹർഷാദ് വിദേശത്തേക്ക് കടക്കാതിരിക്കാൻ അന്വേഷണ സംഘം സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസിറക്കി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ കോയ്യാട് സ്വദേശി ഹർഷാദ് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാൻ അന്വേഷണ സംഘം സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഹർഷാദ് വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ചിരുന്നതായി സുഹൃത്തും കൂട്ടുപ്രതിയുമായ യുവാവ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ഇയാൾ വിദേശത്തേക്ക് കടക്കാൻ നേരത്തെയും ശ്രമം നടത്തിയിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഹർഷാദിനെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലിസ് മുൻപോട്ടുപോകുന്നത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ
ആർ.അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ അസി.കമ്മിഷണർ ടി.കെ രത്നകുമാർ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ പി.എ
ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. ഹർഷാദ് ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ അന്വേഷണത്തിനായി ബംഗളൂരുവിലെത്തിയിട്ടുണ്ട്. മയക്കുമരുന്ന് റാക്കറ്റിലെകണ്ണിയായ ഹർഷാദിന് ബംഗളൂരുവിൽ നിന്നും രക്ഷപ്പെടാനുള്ള സഹായം ലഭിച്ചുവെന്ന വിവരത്തെ തുടർന്ന് ഇയാളുടെ കൂട്ടാളികളുടെ സങ്കേതങ്ങൾ പൊലിസ് പരിശോധിക്കുന്നുണ്ട്. ചാല കോയ്യോടുളള ഹർഷാദിന്റെ ഭാര്യയെയും ബന്ധുക്കളെയും നേരത്തെ
ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരും നിരീക്ഷണത്തിലാണ്.