നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് തങ്ങിനിന്നത് കോളേജ് ഹോസ്റ്റലിലെ മതിലിന് മുകളിൽ; തലനാരിഴയ്ക്ക് ഒഴിവായത് വലിയ അപകടം
ഇടുക്കി: നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് റോഡിൽ നിന്നും തെന്നിമാറി അപകടം. പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. വലിയ തിട്ടക്ക് മുകളിൽ ബസ് തട്ടി താഴേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായെന്നാണ് നാട്ടുകാർ പറയുന്നത്.
കുമളി ഡിപ്പോയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും തെന്നിമാറി സംരക്ഷണ ഭിത്തിയിൽ തങ്ങി നിന്നത്. സംരക്ഷണ ഭിത്തിക്ക് താഴ്ഭാഗത്തായി സ്വകാര്യ കോളേജിലെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ മതിലിലാണ് ബസ് തങ്ങി നിന്നത്. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലിൽ വിദ്യാർത്ഥികളുണ്ടായിരുന്നു. ബസിലെ യാത്രക്കാർക്ക് പരിക്കില്ല. സംഭവസ്ഥലത്ത് ഫയർഫോഴ്സ്, പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ എത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചൽ വടമണിലാണ് സംഭവം. ‘ചാമക്കാല’ എന്ന് പേരുളള ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ബസ് മതിലിടിച്ച് മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.