കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ തറവാട്ടു വീട്ടില്‍ ഇഡി റെയ്ഡ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
കണ്ണൂര്‍: രാഷ്ട്രീയ വൈരാഗ്യത്താല്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ കൊണ്ടു സാമ്പത്തിക ആരോപണം ഉന്നയിച്ചു വേട്ടയാടുന്നതായി ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ജോസഫ്.
പ്രധാനമന്ത്രിനരേന്ദ്രമോദി നേതൃത്വം നല്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ ഒതുക്കാന്‍ എന്‍ഫോഴ്സ് ഡയരക്ടറേറ്റിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി സൗത്ത് ഇന്ത്യന്‍ ചെയര്‍മാനും ഇരിക്കൂര്‍ മണ്ഡലം എംഎല്‍എയുടെ സഹോദരനുമായ രാജീവ് ജോസഫ് കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെ ഉളിക്കലില്സ്ഥിതി ചെയ്യുന്ന തന്റെ തറവാട്ടു വീട്ടില്‍ ഇ.ഡി റെയ്ഡു നടത്തുകയുണ്ടായി. തന്നെ അറസ്റ്റു ചെയ്താല്‍ ഈക്കാര്യം പുറം ലോകമറിയണമെന്നു കൊണ്ടാണ് മാധ്യമങ്ങള്‍ക്കു മുന്പില് വരുന്നത്. അടുത്ത കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്നും തന്റെ ബേങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് ജനുവരി 18 ന് എറണാകുളത്തെ ഓഫീസില്‍ ഹാജരാകാന്‍ തന്നോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുള്ളത്.
കള്ളക്കേസെടുത്ത് ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ബി ജെ പിയിലേക്ക് മാറ്റാനാണ് സിബിഐ – ഇ ഡി ഏജന്‍സികളേ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കള്ളക്കേസെടുത്ത് തന്നെ ജയിലിലടച്ചാലും മരിക്കും വരെ കോണ്‍ഗ്രസ്സുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി – സൗത്ത് ഇന്ത്യന്‍ സെല്ലിന്റ സംസ്ഥാന ചെയര്മാന് എന്ന നിലയില്‍ ഡി പി സി സി ആസ്ഥാനത്ത് വെച്ച് ഇരുപതോളം അവാര്‍ഡ് പരിപാടികള്‍ താന്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കോവിഡ് വാരിയേഴ്സ് ആയി സ്തുത്യര്‍ഹ സേവനം നടത്തിയതിന് 3000 ല്‍ പരം നേഴ്സ്മാരേയും ഡോക്ടര്‍മാരേയും സാമൂഹ്യ പ്രവര്‍ത്തകരേയും രാജീവ് ഗാന്ധി നാഷണല്‍ എക്സലന്്സ് അവാര്‍ഡ് ആദരിച്ചിട്ടുണ്ട്. ഇതില്‍ ബിജെപി ക്കാരുള്‍പ്പെടെ രാജ്യത്തെ എല്ലാ പാര്ട്ടിയില്പ്പെട്ടവരുമുണ്ട്.രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരായ തന്റെ സുഹൃത്തുക്കള്‍ അയച്ചുതരുന്ന പണം കൊണ്ടാണ് അവാര്‍ഡ് ഫങ്ങ്ഷനുകളും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനവുമൊക്കെ നടത്തുന്നത്.
ഡല്‍ഹിയില്‍ കോണ്ഗ്രസ്സിനുണ്ടാകുന്ന ഊര്‍ജ്ജവും ആവേശവും ബി ജെ പി കേന്ദ്രങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതിന്റെ തെളിവാണ് തനിക്ക് അയച്ചിട്ടുള്ളനോട്ടീസ്. കഴിഞ്ഞ 13 വര്‍ഷത്തെ ബേങ്ക് രേഖകളാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും രേഖകളുമായി താന്‍ ഹാജരാകും. താനൊരു പൊതു പ്രവര്‍ത്തകനാണ്. ഭാര്യ കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നേഴ്സാണ്. മാസം ഒരു ലക്ഷത്തോളം രൂപ ശമ്പളം കിട്ടുന്നുണ്ട്. തിരൂരില്‍ താനിപ്പോള്‍ പഴയൊരു വീടും സ്ഥലവും വാങ്ങീട്ടുണ്ട്. അതിന്റെ കണക്കുകളും പണത്തിന്റെ ഉറവിടവും കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. അതും ഏജന്‍സിക്ക് പരിശോധിക്കാവുന്നതാണെന്നും രാജീവ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.