രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: സംഘര്‍ഷഭരിതമായി യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച്, പ്രതിഷേധം തുടരുന്നു
തിരുവനന്തപുരം/കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ സംഘര്‍ഷഭരിതമായി. കോഴിക്കോട്, മലപ്പുറം, തൃശൂർ, പത്തനംതിട്ട കലക്ടറേറ്റുകളിലേക്കെല്ലാം മാർച്ച് നടന്നു. കോഴിക്കോട്ടും തൃശൂരിലും മാർച്ചിൽ സംഘർഷമുണ്ടായി. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചാണു പ്രവർത്തകരെ പൊലീസ് പിന്തിരിപ്പിക്കാന് ശ്രമിച്ചത്.
അതേസമയം, സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസില്‍ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിനു ജാമ്യം അനുവദിച്ചു. എന്നാല്‍, ആദ്യത്തെ കേസില്‍ റിമാൻഡ് കാലാവധി തീരാത്തതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടിവരും. ഈ കേസിലെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.
ഇന്നു രാവിലെയോടെയാണ് രാഹുലിനെ പുതിയ കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാർച്ചിലെടുത്ത കേസിലുമായിരുന്നു നടപടി.
പൂജപ്പുര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ്- മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ റിമാൻഡ് ചെയ്യാനായായിരുന്നു രാഹുലിനെ കോടതിയിൽ ഹാജരാക്കിയത്.