കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കിണറിൽ വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം.
മംഗളൂരു: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കിണറിൽ വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ബൽത്തങ്ങാടി സോണന്തൂർ പനകജെയിലാണ് നാടിനെ നടുക്കിയ ദുരന്തം. ഗ്രാമത്തിലെ മുഹമ്മദ് ഹനീഫിന്റെ മകൻ മുഹമ്മദ് അനനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെയാണ് അപകടം. സംരക്ഷണഭിത്തിയില്ലാത്ത കിണറ്റിന് സമീപമാണ് കുട്ടികൾ കളിച്ചുകൊണ്ടിരുന്നത്. അബദ്ധത്തിൽ കാൽ വഴുതി കിണറിൽ വീഴുകയായിരുന്നു. ഇതുകണ്ട് കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അനനാൻ. അസ്വാഭാവിക മരണത്തിന് പുഞ്ചൽകട്ടെ പൊലീസ് കേസെടുത്തു.